ഫേസ് ബുക്കിന്റെ സ്ത്രൈണ മനശാസ്ത്രം

ഗുണ്‍സാണ്ടര്‍ കഥകള്‍

എടീ….ഇന്നലെ ഒരുത്തന്‍ എന്നെ പോക്കി.
രാത്രി കിടക്കാന്‍ പോകും മുമ്പ് ഉണ്ടകണ്ണി തങ്കമണിയോട് പറഞ്ഞു.
ആരു നിന്നെ എപ്പോ പോക്കി?
തങ്കമണി ഞെട്ടി. ഇന്നലെ വൈകീട്ട് കോളേജു വിടും വരെ അവളുടെ കൂടെ ഉണ്ടായിരുന്നിട്ടും, അത് വരെ ആരും അവളെ പോക്കിയതായി അറിവില്ല. രാത്രി ഈ നേരം വരെ ഉണ്ടകണ്ണി കൂടെ ഉണ്ടായിരുന്നിട്ടും ലേഡീസ് ഹോസ്ടലില്‍ വന്നു ആര്‍ക്കും അവളെ പോക്കാന്‍ ഉള്ള ധൈര്യവും സമയവും ഉണ്ടാകുകയും ഇല്ല. ഈ ചെറിയ ഇടവേളക്കുള്ളില്‍ ഏതു വൃത്തി കെട്ടവന്‍ ആണ് അവളെ പൊക്കിയത് എന്റെ ഭഖവാനെ?

ഇടയ്ക്കു ഒരു ഒരു മണിക്കൂര്‍ നേരത്തേക്ക് അവള്‍ ഇന്റര്‍നെറ്റില്‍ മെയില്‍ ചെക്ക്‌ ചെയ്യാന്‍ പോയപ്പോള്‍ എങ്ങാനും ആരെലും ആ പാവത്തിനെ പോക്കി കാണുമോ? എന്നാല്‍ അത് അവളുടെ യോഗം. ഇത്രേം കാലം ആയിട്ടും കണ്ണും കയ്യും കാണിച്ചിട്ടും ആണൊരുത്തന്‍ എന്നെ ഇത് വരെ പോക്കിയിട്ടില്ല. എന്നിട്ടും പാവം പിടിച്ച അവളെ പോക്കിയെന്നു പറയുമ്പോള്‍…..ആരാണ് ആ വില്ലോടിച്ച ശ്രീരാമന്‍ കെങ്കേമ്മന്‍?

ആരു നിന്നെ എന്ത് എപ്പോള്‍ എങ്ങനെ ചെയ്തു എന്നാ നീ പറഞ്ഞെ? തങ്കത്തിന് ആകാംഷ ആയി.
ഞാന്‍ കഫെയില്‍ മെയില്‍ ചെക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഉള്ള കാര്യം ആണ് പറഞ്ഞത്. ഏതോ ഒരുത്തന്‍ എന്നെ ദിവസവും വന്നു പോക്കുന്നു. ഇന്ന് ഞാന്‍ തിരിച്ചു അവനേം പോക്കി.

അയ്യേ……….വാട്ട് യു മീന്‍? കാര്യം തെളിച്ചു പറയടീ എന്നെ ഇങ്ങനെ കൊതിപ്പിക്കാതെ. തങ്കത്തിന് നില്ക്ക കളി ഇല്ലാതെ ആയി.

എടീ പോത്തെ, ഞാന്‍ ഫേസ് ബുക്കില്‍ ഒരു അക്കൌന്റ് തുടങ്ങി എന്ന് പറഞ്ഞില്ലേ. അതിന്റെ കാര്യം ആണ് പറഞ്ഞത്.
അതില്‍ ഒരു ഓപ്ഷന്‍ ഉണ്ട്. ആര്‍ക്കും ആരെയും എപ്പോ വേണേലും പൊക്കാം.

പോക്കെ? അത് എന്തുവാ? തങ്കമണിയുടെ ബള്‍ബ് അപ്പോഴും കത്തിയില്ലാ…………………

ആ എന്തുവാ? എനിക്ക് അറിയില്ല. കുത്തുക, തോണ്ടുക……..എന്നൊക്കെ അര്‍ത്ഥം. ഉണ്ടകണ്ണിസ് വക വിക്കി നിഖണ്ടു എക്സ്പ്ലനെഷന്‍

അത്രേ ഉള്ളൂ കാര്യം. നീ എന്നെ വെറുതെ ആശിപ്പിച്ചു. ഞാന്‍ കരുതി ആ കഫെയില്‍ ഇരിക്കുന്ന പയ്യന്‍ എങ്ങാനും നിന്നെ എന്തേലും ഒക്കെ ചെയ്തു കാണും എന്ന്. നീയും നിന്റെ ഒരു പോക്കലും.

എന്തായാലും ഉണ്ടക്കണ്ണിക്ക് ഫേസ് ബുക്ക്‌ പെരുത്ത് ഇഷ്ടായി. ഉണ്ടക്കണ്ണിക്ക് മാത്രം അല്ല. തങ്കത്തിനും, അവരുടെ മറ്റു കൂട്ടുകാരികള്‍ക്കും ഫേസ് ബുക്ക്‌ അങ്ങ് വളരെ ബോധിച്ചു. ആരെ വേണേലും എപ്പോ വേണേലും പോക്കാം, ചീര നടാം, ആടിനെ വളര്‍ത്താം, നിങ്ങളുടെ ഭാവി തീരുമാനിക്കാം, നിങ്ങള്‍ എങ്ങനെ ഉള്ള ആളാണെന്നു ചില ചോദ്യത്തരങ്ങള്‍ കൊണ്ട് കണ്ടു പിടിക്കാം. തങ്കത്തിന് ഏറ്റവും ഇഷ്ടമായത് ഭാഗ്യ നമ്പര്‍ കണ്ടു പിടിക്കലും, ഫാം വില്ലെയും, പിന്നെ നിങ്ങള്‍ എത്തരക്കാരന്‍ ആണെന്നുള്ള ചോദ്യോത്തര പംക്തിയും ആയിരുന്നു. എല്ലാത്തിനും തങ്കം സത്യസന്ധമായി (നുണ) തന്നെ ഉത്തരം കൊടുത്തു.
ചോദ്യം ഒന്നു: നിങ്ങള്‍ തിരക്കില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുമ്പോള്‍, നിങ്ങളോട് ആരെങ്കിലും ഒരു പേന കടം ചോദിച്ചു എന്ന് കരുതുക. നിങ്ങള്‍ അവരോടു എങ്ങനെ പ്രതികരിക്കും?
എ. നിങ്ങള്‍ അവരോടു ദേഷ്യപെടും. ബി. നിങ്ങള്‍ ചിരിച്ചു സന്തോഷത്തോടെ പേന കൊടുക്കും. സി. നിങ്ങള്‍ അവരെ ചീത്ത വിളിക്കും. ഡി. നിങ്ങള്‍ അറിയാത്ത ഭാവത്തില്‍ ഇരിക്കും.
അറുത്ത കൈക്ക് ഉപ്പു തേക്കാത്ത തങ്കം അമ്മിണി എടുത്ത വഴി ഉത്തരം എഴുതി. ബി. ചിരിച്ചു സന്തോഷത്തോടെ പേന കൊടുക്കും. ഫേസ് ബുക്ക്‌ ആ ഉത്തരം കേട്ട് ഒന്നു ഞെട്ടി. കര്‍ത്താവിനെ കുരിശില്‍ തറച്ചപ്പോള്‍ കുറച്ചു നേരത്തേക്ക് ഭൂമിയില്‍ അന്ധകാരം ഉണ്ടായ പോലെ, ഇത്രേം വലിയ നുണ കേട്ട് തങ്കത്തിന്റെ ഇന്റര്‍ നെറ്റ് കണക്ഷന്‍ വരെ കുറച്ചു നേരത്തേക്ക് ഔട്ട്‌ ആയി പോയി.

ചോദ്യം രണ്ടു:
നിങ്ങളുടെ ഇഷ്ട നിറം ഏതാണ്?
തങ്കത്തിന്റെ ഇഷ്ട നിറം ഈ ലോകത്തില്‍ ഇത് വരെ ആര്‍ക്കും എളുപ്പം വര്‍ണിക്കാന്‍ പറ്റാത്ത വിധം കടുപ്പം ആയതിനാല്‍ ആ നിറം മാത്രം ചോയ്സില്‍ ഉണ്ടായിരുന്നില്ല, അത് കൊണ്ട് ചുമ്മാ ചുമപ്പ ഞെക്കി.

വേറെ രണ്ടു ചോദ്യത്തിന് കൂടി തങ്കം ഒരു മയവുമില്ലാതെ ഉത്തരം നല്കുകകയും, തങ്കത്തിന്റെ നെറ്റ് കണക്ഷനും, ആ പ്രദേശത്തെ മൊത്തം കണക്ഷനും കേടാകുകയും, ഒടുവില്‍ ഒരു കൊച്ചു ഭൂമി കുലുക്കത്തോടെ തങ്കത്തിന് ഉത്തരം ലഭിക്കുകയും ചെയ്തു.

മിസ്സ്‌ തങ്കം, ഈ പറഞ്ഞ കൊനഷ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ തന്നെ ഒരു പത്ത് പതിനഞ്ചു പേര്‍ക്ക് കൂടി അയച്ചാല്‍ നിങ്ങള്ക്ക് ഉത്തരം ലഭിക്കും. തങ്കം അപ്പോള്‍ തന്നെ ലത്‌ പതിനഞ്ചു പേര്‍ക്ക് അയച്ചു കൊടുത്തു. ഒടുവില്‍ അവിടെ ഞെക്കിയും, ഇവിടെ ഞെക്കിയും തങ്കത്തിന് ഉത്തരം കിട്ടി.

തങ്കം നിന്നെ പോലെ സത്സ്വഭാവിയും, സുഗുണയും, സുന്ദരിയും ആയ ഒരു പെണ്‍കുട്ടി ഈ ഭൂമി മലയാളത്തില്‍ ജനിക്കാന്‍ ഇല്ല. മദര്‍ തെരേസ കഴിഞ്ഞാല്‍ വിശുദ്ധ ആയി പ്രഖ്യാപിക്കേണ്ട അടുത്ത വനിതാ നീ ആണ് തങ്കം………….തങ്കം അറിയാതെ കരഞ്ഞു പോയി..അന്ന് രാത്രി തങ്കം ഉറങ്ങിയത് പോലും ഇല്ല.

ഉണ്ട കണ്ണന്‍ ഉണ്ട കണ്ണിയെ കാണുന്നത് വെറും രണ്ടു ദിവസം മാത്രം. വിട പറയാന്‍ നേരം ഉണ്ടക്കണ്ണന്‍ പറഞ്ഞു.
കീപ്‌ ഇന്‍ ടച്.
അമ്മിണി പറഞ്ഞു. എനിക്ക് ഫേസ് ബുക്കില്‍ മാത്രമേ കട ഉള്ളൂ. ഓര്‍ക്കുട്ടില്‍ ഇല്ല. ഇത് വരെ ഫേസ് ബുക്ക് കാണാത്ത ഉണ്ടക്കണ്ണന്‍ അപ്പൊ തന്നെ പറഞ്ഞു. അതിനെന്താ ഞാന്‍ ഒരു അഞ്ചു മിനുട്ടിനുള്ളില്‍ നിങ്ങളെ അവിടെ ആഡ് ചെയ്യുന്നതായിരിക്കും. ഒരു പാവം പെണ്‍കുട്ടി ഫേസ് ബുക്കില്‍ തുണ ഇല്ലാതെ അലയുന്നത് ഉണ്ടാക്കന്നാണ് ഒരു പക്ഷെ സഹിച്ചു കാണില്ല.

അങ്ങനെ ആണ് ഉണ്ടകണ്ണന്‍ ഓര്‍ക്കുട്ട് വിട്ടു ഫേസ് ബുക്കിലേക്ക് പോയത്. ഉണ്ടക്കണ്ണന്‍ പോയത് കൂടി കഷ്ടത്തില്‍ ആയതു ഒര്കുട്ടന്‍ ബോയ്കുട്ടന്‍. പാവം പാവം ഓര്‍ക്കുട്ട്. ഗൂഗിളിനെ സംബധിച്ചിടത്തോളം വളരെ പ്രസക്തമായ ചോദ്യം ഉണ്ട കണ്ണനെ പോലെ ഉള്ളവരുടെ കൊഴിഞ്ഞു പോക്ക്. ഗൂഗിളിന്റെ ഓര്‍ക്കുട്ടില്‍ നിന്നും രായ്ക്കു രാമാനം ആണും, പെണ്ണും ആണും പെണ്ണും കെട്ടതും, ആയ എല്ലാ സാധനങ്ങളും ഒരു മയവും ഇല്ലാതെ ഫേസ് ബൂകിലേക്ക് പോകുന്നത്.

കാരണം വേറൊന്നും അല്ല. പെണ്‍കുട്ടികള്‍ക്ക് കാര്യങ്ങള്‍ ഒക്കെ ഒന്നു വളച്ചൊടിച്ചു പറഞ്ഞാലും ചെയ്താലുമേ ഇഷ്ടമാകുക ഉള്ളൂ. ഓര്‍ക്കുട്ട് ആണേല്‍ നേരെ വാ, നേരെ പൊ ടൈപ്പും, ഫേസ് ബുക്ക്‌ ആണേല്‍ ആകെ മൊത്തം ഒരു സ്ത്രൈണ ഭാവമുള്ള വളഞ്ഞൊടിഞ്ഞ ടൈപ്പും. പെണ്‍കുട്ടികള്‍ മൊത്തം അങ്ങനെ ഫേസ് ബോക്കിലേക്ക് ചേക്കേറുമ്പോള്‍, ഓര്‍കുട്ടിലെ പുവര്‍ ഗുയ്സ്‌ എന്ത് ചെയ്യും? പത്തായത്തില്‍ നെല്ലുണ്ടെല്‍ തുരപ്പന്‍ പാലക്കാട്ട് നിന്നു പോലും വരും എന്ന് പറഞ്ഞ പോലെ ഹുടുഗികള്‍ എല്ലാം ഫേസ് ബുക്കില്‍ ചേക്കേറാന്‍ തുടങ്ങിയാല്‍ ഹുടുഗന്മാര്‍ എന്ത് ചെയ്യും.?
അക്കൗണ്ട്‌ തുടങ്ങിയതും തങ്കമണി സ്വന്തം സ്ടാറ്റസ് ഒരു മണിക്കൂറില്‍ മൂന്നെന്ന രീതിയില്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്നു, ചായ കുടിക്കുന്നു, വീട്ടിലേക്കു പോകുന്നു, വീട്ടില്‍ നിന്നും പോകുന്നു, എന്ന് തുടങ്ങി ആകാശത്തിനു കീഴെ തങ്കത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ തങ്കം അപ്ഡേറ്റ് ചെയ്തു. തങ്കത്തിന്റെ അപ്ടെട്ട് കിട്ടേണ്ട താമസം, ആയിരം പേര്‍ അത് ലൈക്കാന്‍ തുടങ്ങി. ഫേസ്ബുക്കില്‍ ഇഷ്ടങ്ങള്‍ക്ക് മാത്രം സ്ഥാനം ഉള്ളതിനാല്‍ ആരു എന്ത് ചെയ്താലും അതൊന്നും ഇഷ്ടപെടാതിരിക്കാന്‍ കഴിയില്ല. ഞാന്‍ ഏകയാണ്, ദുഖിതയാണ്, എന്ന് തുടങ്ങി ഞാന്‍ ഇന്നലെ പടമായി (കാഞ്ഞു പോയി) എന്ന് എഴുതിയാല്‍ വരെ ആള്‍ക്കാര്‍ ഇഷ്ടപെടാന്‍ തുടങ്ങി.

ഫേസ്ബുക്കില്‍ ആദ്യം കണ്ട ഒറ്റ തലയന്‍ പാമ്പ് , ഏതാനും നിമിഷം കൊണ്ടു ഫോട്ടോ ഷോപ്പില്‍ രണ്ടു തലയന്‍ ആകുന്നതും, പത്ത് മിനിട്ടിനുള്ളില്‍ വേറൊരു പ്രൊഫൈലില്‍ മൂന്നു തലയന്‍ ആകുന്നതും, ഒടുവില്‍ ദൈവം ആകുന്നതും, ഹിമാലായ സാനുക്കളില്‍ ഒരു പ്രത്യേക മരം മാത്രം സ്ത്രാകളുടെ ആകൃതിയില്‍ കായ ഉണ്ടാക്കുന്നതും എല്ലാം കണ്ടു തങ്കമണി ലൈക്കുകള്‍ ഞെക്കി സംതൃപ്തയായി. ഉണ്ണിക്കത്ഭുദം ആഹ്ലാദം
എല്ലാം കണ്ടും കേട്ടും തങ്കമണി വളര്‍ന്നു. തങ്കമണിയെ പോലെ ഒരായിരം യുവ തലമുറയും.
ഫേസ് ബുക്ക് അന്നും ഇന്നും ഫ്രീ ആണ്……………തുടര്‍ന്നും ഫ്രീ ആയിരിക്കും …എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട്‌ കൊണ്ടു തങ്കം ഫേക്ക്ബുക്കില്‍ അടുത്തു പടമായ ആരുടെയോ ആദരാഞ്ജലികള്‍ക്കു മേല്‍ ലൈക്കി അങ്കം വെട്ടി കൊണ്ടേയിരുന്നു.

————————————————————-
നതിംഗ് കംസ് ഫോര്‍ ഫ്രീ……..യു ഹാവ് ടു ലോസ് സംതിംഗ് ടു ഗെയിന്‍ സംതിംഗ്

സില്‍മ….ഗുണ്‍സാണ്ടറും ഡിങ്കനും

സില്‍മ….ഗുണ്‍സാണ്ടറും ഡിങ്കനും

എന്തൊക്കെ ആയിരുന്നു? ഗുണ്‍സാണ്ടര്‍ കുന്തിച്ചിരുന്നു.
അമ്പും വില്ലും മലപുറം കത്തീം……
നമ്മുടെ കൊച്ചു കേരളത്തിന്റെ പകുതി ഒലിച്ചു പോയി ഇങ്ങനെ കാണണ്ട എങ്കില്‍, ഇത് ഷെയര്‍ ചെയ്യു…..ലങ്ങനെ കാണണ്ട എങ്കില്‍ ലത് ഷെയര്‍ ചെയ്യു..ഡാഡി ഡാം പൊട്ടുന്നു…ബേബി ഡാം പൊട്ടുന്നു…കേരളം ഒലിച്ചു പോകുന്നു. അമ്മച്ചി സാരി മുറുക്കി കുത്തുന്നു…അച്ചായന്‍ മുണ്ട് മടക്കി കുത്തുന്നു…പട്ടി ചന്തക്കു പോകുന്ന പോലെ ചിലര്‍ ഡല്‍ഹിക്ക് പോകുന്നു..ഡാം കാണാന്‍ പോകുന്നു .പോയ പോലെ തന്നെ വാലും താഴ്ത്തി തിരിച്ചു പോരുന്നു…
ജലബോംബു, പണ്ട് പണ്ട് ജീവിച്ചിരുന്നു ഏതോ ഒരു പാവം അപരാധി രണ്ടായിരത്തി പന്ത്രണ്ടില്‍ ഇങ്ങു കൊച്ചു കേരളത്തില്‍ ഡാം പൊട്ടും എന്ന് പ്രവചിച്ചുവെന്നും, കേരളക്കാര്‍ മൊത്തം അറബി കടലിലേക്ക്‌ ഒലിച്ചു പോകുമെന്നും ……
ഒടുവില്‍ ഡാം പൊട്ട്യോ?..ഇനി പൊട്ടോ?…
സ്വന്തം നാട്ടില്‍ നിന്നാല്‍ കാലിന്റെ അടിയിലും ഇടയിലും കൂടി ഉള്ളത് കൂടി നഷ്ടപെടും എന്ന് മനസിലാക്കിയ മലയാളികള്‍ പാണ്ടി നാട്ടില്‍ പഠിക്കാനും ജോലിക്കും സില്‍മ പിടിക്കാനും പോയി. ഡാമിന്റെ കഥ ഹിറ്റ് ആയതു മുതല്‍ പാണ്ടി മല്ലുന്നു കേട്ടാല്‍ അപ്പൊ കുനിച്ചു നിറുത്തി രണ്ടെണ്ണം കൊടുത്തിട്ടേ വിടൂ എന്നാ അവസ്ഥ ആയി. അത് വരെ യുട്യൂബില്‍ മല്ലു എന്നത് “മൊട മോടാന്നു മനസിരുന്ത” മലയാളി പെണ്ണുങ്ങളുടെ കാണാന്‍ മാത്രം ഉപയോഗിച്ചിരുന്ന തമിഴന്‍ “മല്ലു” എന്ന് ഉറക്കത്തില്‍ കേട്ടാല്‍ പോലും രണ്ടെണ്ണം കൊടുത്തിട്ട് വിട്ടോ എന്നാ അവസ്ഥ ആയി. മല്ലു പത്രങ്ങള്‍ തമിഴന്‍ മലയാളിയെ തല്ലിയ കഥ പറഞ്ഞു പറത്തിയപ്പോള്‍ തമിള്‍ പത്രങ്ങള്‍ മല്ലു തമിഴനെ തല്ലിയ കഥയും പറഞ്ഞു പരത്തി.
വന്നു വന്നു തമിഴ് നാട്ടിലെ മലയാളികള്‍ പരസ്പരം കണ്ടാല്‍ “മ” എന്ന അക്ഷരം പോലും പറയാത്ത അവസ്ഥ ആയി. രണ്ടു പാണ്ടികള്‍ പരസ്പരം കണ്ടാല്‍ അഭിസംഭോധന ചെയ്യേണ്ട മിനിമം കാര്യങ്ങള്‍ എല്ലാ മലയാളികളും പഠിക്കാനും തുടങ്ങി എന്നാണ് ഗുണ്‍സാണ്ടര്‍ കേട്ടത്.

അണ്ണാ..നല്ല ഇറുക്കിയാ?
എന്നാ സാപ്പാട്?
………………..
അപ്പൊ സെരീങ്കെ ….എല്ലാം സൊന്ന പടി
പാക്കലാം
പാത്താ പാത്തു……..ഇല്ലേല്‍ ഇല്ലാ

ഇതെല്ലാം പോട്ടെന്നു വെക്കാം. ഡാം പൊട്ടാന്‍ പോണെന്ന് പറഞ്ഞു അതില്‍ എന്ത് കൊണ്ടു സില്‍മാ നടന്മാര്‍ ഇടപെടുന്നില്ല എന്നതാണ് ചിലരുടെ അടുത്ത പ്രശ്നം. ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ സിനിമയിലും ജീവിതത്തിലും കോമാളി വെഷം കെട്ടി “വയറ്റി പിഴപ്പിനു” വേണ്ടി വെഷം കെട്ടി കോടമ്പാക്കത്തെ കൃപ കൊണ്ടു ജീവിച്ചു പോകുന്ന ചില മെഗാ സ്ടാറുകള്‍ക്ക് ഡാം പൊട്ടിയാല്‍ എന്താ? ഇല്ലെങ്കില്‍ എന്താ? നിര്‍മാതാവിന്റെ തുട്ട്സ്,സംവിധായകന്റെ കഷ്ടപാട്, മെഗാ സ്റ്റാര്‍ തകര്‍ത്ത് അഫിനയിക്കുന്നു, സില്‍മ എട്ടു നിലയില്‍ പൊട്ടുന്നു. നക്ഷത്ര നായകന്‍ കാശ് മേടിക്കുന്നു. തിയേറ്ററുകള്‍ ഉള്ളിടത്തോളം കാലവും, മേല്‍ പറഞ്ഞ നക്ഷത്രങ്ങള്‍ വെളിച്ചം വീശുന്ന വരെയും അവരങ്ങനെ തകര്‍ത്ത് അഫിനയിക്കും. അതിനിടയില്‍ ഡാം പൊട്ടി ഒന്നോ രണ്ടു തിയേറ്ററുകള്‍ ഒലിച്ചു പോയാല്‍ ………ഹു കെയെര്‍സ്?

ഇതൊക്കെ കണ്ടും കെട്ടും ഡാം വെല്ല ജീവനുള്ള സാധനം ആയിരുന്നെങ്കില്‍ എപ്പോ സ്വയം ഹ്രദയം പൊട്ടി മരിച്ചുന്നു ചോദിച്ചാല്‍ മതി…..

അപ്പൊ എന്തായിരുന്നു നാടകത്തിന്റെ പുറകിലെ രഹസ്യം?
പുതിയ ഡാം വരണം….പുതിയ ഡാം വന്നാല്‍ എല്ലാ പ്രശ്നവും തീരുമോ?
സായിപ്പ് ഉണ്ടാക്കിയ ഡാം ആയതിനാല്‍ അത് ഇത് വരെ പിടിച്ചു നിന്നു. ഡാം ഒരു തരത്തില്‍ പറഞ്ഞാല്‍ പഞ്ചവടി പാലം പോലെ ആണ്. .പഞ്ചവടി പാലം പോലെ തന്നെ ചില തത്പര കക്ഷികള്‍ക്ക് ഡാം പൊളിക്കണം …ഡാം പൊളിച്ചു പുതിയ ഡാം പണിയണം. ജനങ്ങളില്‍ ഭീതിയും ആശങ്കയും പരത്തണം. ഓര്‍കുട്ട്, ഫെസ് ബുക്ക്, ബ്ലോഗ്ഗര്‍ പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തണം. അങ്ങനെ തമിഴനും മലയാളിയും തമ്മില്‍ തല്ലുന്നത് ദേശീയ തലത്തില്‍ വരെ ചര്‍ച്ച ആവണം. അങ്ങനെ ദേശീയ തലത്തിലും അതിന്റെ അപ്പുറത്തെ തലത്തിലും ശ്രദ്ധ കിട്ടി കഴിഞ്ഞാല്‍…..മൌനം സമ്മതം…തൊപ്പിക്കാരന്‍ തല കുലുക്കും ..പുതിയ ഡാം വരും…..
ചില്ലറകള്‍ ആണോ പുതിയ ഡാം വഴി വരാന്‍ പോകുന്നത്?
അല്ല.
അത് കൊണ്ട് അത് വീതിച്ചു എടുക്കാന്‍ പുതിയ നാടകം കളിക്കണം. കേരളത്തില്‍ സ്വന്തം ഡാം പണിയാന്‍ തമിഴന്റെ അനുഗ്രഹവും ആശീര്‍വാദവും വേണമെന്നത് അതിലും രസം ഉള്ള ക്ലൈമാക്സ് . അങ്ങനെ ഒടുവില്‍ പഞ്ചവടി ഡാമിന് അനുമതി ലഭിച്ചാല്‍
പഴയ ഡാം പൊളിക്കല്‍ കമ്മിറ്റി, പുതിയ ഡാം ഉണ്ടാക്കല്‍ കമ്മിറ്റി, പുതിയ ഡാം ഉത്ഖാടക കമ്മറ്റി ……….അങ്ങനെ കമ്മിറ്റികള്‍ ഒരുപാട് വേറെ
പഞ്ചവടി ഡാം മഹാശ്ചര്യം …നമുക്ക് കിട്ടണം “ലത്‌” (വെള്ളം അല്ലാട്ട)

അങ്ങനെ ഒരു പാട് ക്രിയേറ്റിവ് ബുധികളുടെ ഹിറ്റും ലൈക്കും കൊണ്ട് സഹി കേട്ടപ്പോള്‍ ആണ് ഒടുവില്‍ സഹിക്ക വയ്യാതെ ആയപ്പോള്‍ ആണെന്ന് തോന്നുന്നു, ആരോ ഡിങ്കോയിസം എന്ന പുതിയ പ്രസ്ഥാനം തുടങ്ങിയത് എന്ന് കേള്‍ക്കുന്നു. മായാവിയെ പോലെയല്ല ഡിങ്കന്‍ എന്നാണു കേട്ട് കേള്‍വി. നാണം മറയ്ക്കാന്‍ സൌസര്‍ മാത്രം അല്ല. ബൈസപ്സും തൃസപ്സും വിരിഞ്ഞ മാറിടവും മറയ്ക്കാന്‍ നക്ഷത്രം ഉള്ള കുപ്പായം ഒക്കെ ഇട്ടാണ് യാത്ര. അനുസരണ ഇല്ലാത്ത ഒരു എലിയെ ഏതോ അന്യഗ്രഹ ജീവികള്‍ തട്ടി കൊണ്ടു പോയി പരീക്ഷണങ്ങള്‍ ഒക്കെ നടത്തി മിടുക്കന്‍ ആക്കി വിട്ടു എന്നാണു കഥാ സാരം. കേരളത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഡിങ്കന്‍, മായാവി എന്നീ ചാത്തന്സില്ലാതെ വേറെ ആര്‍ക്കും കഴിയില്ല എന്ന് സാമാന്യ ബോധം ഉള്ള മലയാളികള്‍ക്ക് അത്രക്കും ബോധ്യം വന്നതിനാല്‍ ആവണം ഡിങ്കോയിസത്തിനു അത്രക്കും ഡിമാണ്ട് എന്ന് തോന്നുന്നു.

എനി ഹൌ …….ഡിങ്കാ നീ തന്നെ തുണ……..

ഗുണ്‍സാണ്ടര്‍ ചങ്ക് പൊട്ടുമാറു ഉറക്കെ വിളിച്ചു …..
ഡിങ്കാ……….രക്ഷിക്കൂ

സില്‍മ തുടങ്ങുന്നേ ഉള്ളൂ…

ഇലകള്‍ പൊഴിയുന്നില്ല……

ഇലകള്‍ പൊഴിയുന്നില്ല……
നാം നമ്മെ പിരിയുന്നുമില്ല

നിന്നില്‍ കൊരുത്തു
നിന്റെ തണലിലേക്കു പതിച്ചു
നിന്റെ ശിഖരങ്ങളില്‍
ഒരിലയായ് തളിര്‍ക്കേണ്ടതിനാല്‍…..

ജൈവകോശങ്ങളില്‍
ഉയിരാര്‍ന്നുറഞ്ഞ
പ്രാണന്‍ പൊലിയുമ്പോഴും…
കണികകളില്‍ നിന്നും
കണികകള്‍ ഇഴപിരിയുമ്പോഴും….
പരമാണുവില്‍ നിന്നും
പരമാണുക്കള്‍ വേര്‍പ്പെടുമ്പോഴും….

നീ പകുത്തു
തന്നോരിഷ്ടം മാത്രം
ഞാന്‍ കാത്തു വെക്കും

അകല്‍ച്ചകളും അടുപ്പങ്ങളും
നേര്‍ത്തു പോകുമൊരു
പുതുമഴയില്‍

സ്വരുകൂട്ടിയോരിഷ്ടങ്ങള്‍ പങ്കിടാന്‍
നിന്റെ ശിഖരങ്ങളില്‍
ഞാന്‍ വീണ്ടും തളിര്‍ക്കും

കര്‍മപരമ്പരകളുടെ
കാണാ ചരടില്‍
ഈയൊരു തോന്നലും
വെറുമൊരു തോന്നല്‍ മാത്രമാകുമ്പോള്‍
ഇലകളൊരിക്കലും പൊഴിയുന്നില്ല
നാം നമ്മെ പിരിയുന്നുമില്ല

രാമനും പാമ്പും ആള്‍കൂട്ട മനശാസ്ത്രവും

കഥകള്‍:
രാമന്‍ പാമ്പിനെ കൊന്നു
പാമ്പ് രാമനാല്‍ കൊല്ലപ്പെട്ടു
ചത്തത് പാമ്പാണെങ്കില്‍ കൊന്നത് രാമന്‍ തന്നെ
രാമനാണ് പാമ്പിനെ കൊന്നത്

വിശകലനങ്ങള്‍:
എല്ലാം പാമ്പുകളെയും തല്ലി കൊല്ലണം
രാമനെയും തല്ലി കൊല്ലണം
എല്ലാ രാമന്മാരെയും തല്ലി കൊല്ലണം
പാമ്പിനേക്കാള്‍ നികൃഷ്ടനായ രാമന്‍
പാമ്പിനെ കൊന്ന രാമന്‍ നമ്മുടെ നേതാവ്
പാവം പാമ്പ്
രാമനൊക്കെ എന്തും ആവാമല്ലോ
മിണ്ടാ പ്രാണികളുടെ ദുരവസ്ഥ

യഥാര്‍ത്ഥ്യം:
അവരവരിലൂന്നി
എല്ലാര്‍ക്കുമൊരു
കഥയുള്ളതിനാല്‍
യാഥാര്‍ത്ഥ്യം എന്നൊന്നില്ല

കഥാന്ത്യം:
ആദിമദ്ധ്യാന്തം
ഒരുപാടൊരുപാട് കഥകളിങ്ങനെ
കെട്ടി പിണഞ്ഞു
കിടക്കുന്നതിനാല്‍
കഥാന്ത്യവുമില്ല

വെള്ളാരം കല്ലുകള്‍ക്കുള്ളില്‍

ഗുഹാമുഖങ്ങള്‍ക്കുള്ളിലെവിടെയോ
തെളിനീര്‍ പോലോരിഷ്ടം
ഉറവ വറ്റാതിപ്പോഴും
സ്വച്ചമായോഴുകുന്നുണ്ട്‌

തെളിനീരരുവിയുടെ
വഴുക്കുന്ന പ്രതലങ്ങളിലൂടെ
ജലപാതങ്ങളുടെ ഉറവകള്‍
തേടിയലയുന്ന
ശിലാമനുഷ്യനെ പോലെ

നിന്റെ പ്രണയത്തിന്റെ
ഉത്ഭവങ്ങളിലേക്ക്
നഗ്നപാദനായൊരിക്കല്‍
ഞാന്‍ നടന്നു വരും

ഒരു വാക്കില്‍ നിന്നും
മറു വാക്കിലെക്കുള്ള
ദൂരമളക്കാതെയും

ഒരു നോക്കില്‍ നിന്നും
മറു നോക്കിലെക്കുള്ള
കാതം തിരയാതെയും

കാലങ്ങളായ്
നീ സ്വരുക്കൂട്ടിയോരിഷ്ടം
ഒരു കൈക്കുമ്പിളാല്‍
ഞാന്‍ കോരിയെടുക്കും

യാത്രകള്‍ ഖനീഭവിക്കുമ്പോള്‍…
നിന്റെ സ്നേഹരാഹിത്യങ്ങളിലേക്ക്…
അനാദിയായ് പെയ്തു തീരാന്‍

ഒരേയൊരു തുള്ളിയിഷ്ടം
ആത്മാവിന്റെ ഉള്ളറകളില്‍
വെള്ളാരം കല്ലുകള്‍ക്കുള്ളില്‍
കൊരുത്തു ഞാന്‍ യാത്രയാകും

When a crow dies

A crow died, on an electric line
in the suburbs of a developing nation

Crow died, coz it’s time was up
unknowing these disparities of thoughts

Environmentalists:
Dove burnt to a black crow,
hazards of nuclear energy, shut the power plant

Communists:
A black comrade of Anglo – American exploitation,
class struggle, capitalism, globalization….

Capitalists:
Poverty and malnutrition in third world countries
dump the unwanted pills, open gates to unhealthy clinical trials

Religious fundamentalists:
Bad omens, end of the world, time for spiritual awakening
get paid and convert your religion, new religion – why not?

Feminists:
Female crow committed suicide, male chauvinists,
representation of struggling women in the society

Language scholars:
Dying, demise or expiration?
digging new words to fit the occasion

Political critics
:
why not the white cranes?…….apartheid, racism,
implicit threat to black leaders of the world

Anonymous
:
Crow death effect,
potential element for a final world war

ഹിന്ദുസ്ഥാന്‍ കീടനാശിനി അണ്‍ലിമിറ്റഡ്

കീടങ്ങള്‍ക്കു വേണ്ടി
കീടങ്ങളാല്‍
കീടങ്ങള്‍ക്കു മേലുള്ള
കഴുകന്മാരുടെ ആധിപത്യമാണ്‌
കീടാധിപത്യം

കഴുകന്മാര്‍ ശവംതീനികളും
അലസരുമായതിനാല്‍
കീടാധിപത്യ വിജയത്തിന്
ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്

കഴുകന്മാര്‍ കൂടിയാലോച്ചിച്ചു
പുതിയൊരു വാക്ക് മെനഞ്ഞെടുത്തു
‘കീടാധിപത്യ ദ്വംസനം’
കീടാധിപത്യത്തിനു തുരങ്കം വെക്കും
കീടങ്ങളെയൊക്കെ കൊന്നൊടുക്കണം

കീടങ്ങളെന്നു പറയുമ്പോള്‍
അന്നന്നത്തെ അപ്പത്തിനു വേണ്ടി
പകലന്തിയോളം പണിയെടുക്കുന്ന
ചില കര്‍ഷക ഇലചുരുട്ടി പുഴുക്കള്‍

പക്ഷെ, കീടാധിപത്യത്തില്‍
കൂട്ടകൊലകള്‍ പാടില്ലെന്ന് പ്രമാണം
കീടാധിപത്യത്തിന്റെ നിലനില്‍പ്പ്‌ തന്നെ
കീടങ്ങളുടെ വോട്ടാകുമ്പോള്‍
ശാസ്ത്രീയപരമായ സമീപനത്തിലൂടെ
വേണം കാര്യങ്ങള്‍ നീക്കാന്‍

സ്വേചാധിപത്യങ്ങളില്‍ പോലും
നിരോധിച്ച കീടനാശിനികള്‍
പേറ്റന്റു വേണ്ടാത്ത രാസവളങ്ങള്‍
പുതിയ പേരില്‍, പുതിയ കുപ്പികളില്‍
കശുമാവിന്‍ തോപ്പുകളില്‍
പെരുമഴ പോലെ ആകാശവൃഷ്ടി

പിറ്റേന്ന്
കശുമാവിന്‍ ചുവട്ടില്‍
കശുവണ്ടി പോലെ കുറെ മനുഷ്യതലകള്‍
ചുമന്നു പഴുത്ത കശുമാങ്ങ പോലെ
ചോരതുപ്പി ചത്തപ്പോള്‍
കീടാധിപത്യ പത്രങ്ങളില്‍
വെറുമൊരു കോളം വാര്‍ത്ത
‘അസാധാരണമായ കുറെ സാധാരണ മരണങ്ങള്‍’

എങ്ങാണ്ടോ കുറെ കീടങ്ങള്‍
തല വീര്‍ത്തു, ഉടല്‍ വീര്‍ത്തു
ചത്തെന്നു കരുതി
കീടാധിപത്യം പരാജയമെന്നോ?

കീടാധിപത്യത്തിലെ
തിരഞ്ഞെടുപ്പ് മാമാങ്കമടുത്തു
ജീവനുള്ള കീടങ്ങളെ
വരിവരിയായി നിര്‍ത്തി
കഴുകനെതിനു കൂടുതല്‍ മേന്മയെന്നു
നിര്‍ണയിക്കാനോരവസരം

കേന്ദ്രത്തിലെ കഴുകന്മാര്‍
കൂടിയാലോചിച്ചോരു വിലയുറപ്പിച്ചു
‘ചത്ത കീടങ്ങള്‍ക്കൊരു ലക്ഷം
പാതി ചത്തതിനു അമ്പതിനായിരം
തലയും വയറും വീര്‍ത്തതിനു
അഞ്ചോ പത്തോ കൊടുത്തേക്കാം’

പത്തു മാസം കൊണ്ടൊന്നിനെ
ഉണ്ടാക്കാമെങ്കില്‍
കീടാധിപത്യത്തില്‍
ഓരോരോ കീടത്തിനും
കഴുകന്മാര്‍ നിശ്ചയിച്ചുറപ്പിച്ചൊരു
നിശ്ചിത വിലയുണ്ട്‌ ‌

പക്ഷെ,
തകര പാത്രം തുറന്നു
ഉപ്പിട്ടു വറുത്ത കശുവണ്ടി
തിന്നാനോരുങ്ങുമ്പോള്‍
കശുവണ്ടികള്‍ക്കെല്ലാം
തലവീര്‍ത്ത കീടമുഖവും
മനംപുരട്ടുന്ന കീടചുവയും

വട്ടത്തിലോടുന്ന നെടുനീളന്‍ ട്രെയിന്‍

സമയത്തിന്
ചിലപ്പോള്‍ പ്രസക്തി ഉണ്ടെന്നും
മറ്റു ചിലപ്പോള്‍ ഇല്ലെന്നും
അറിഞ്ഞ കാരണമാവാം
കയ്യില്‍ കെട്ടിയ ചത്ത വാച്ചില്‍
സമയം നോക്കാതെയാണ്
ഉത്തരാധുനികന്‍ ട്രെയിനില്‍ കയറിയത്.

യാത്രകളെല്ലാം തുടങ്ങുന്നതും ഒടുങ്ങതും
ഒരേ ബിന്ധുവിലെക്കാകുമ്പോള്‍
ദിക്കോ ദിശയോ
ദൂരമോ പ്രസക്തമാല്ലാതൊരു യാത്ര

സന്ധ്യയായി കാണണം
ചീവിടുകളുടെ കരച്ചിലും
തവളകളുടെ പരിഭവങ്ങളും കേള്‍ക്കാം

എണ്ണിയാലോടുങ്ങാത്ത ബോഗികളുള്ള
ഒരു നെടുനീളന്‍ ട്രെയിന്‍
അയാള്‍ക്കു വേണ്ടി മാത്രമെന്ന വണ്ണം
ഒഴിഞ്ഞു കിടന്ന ഏറ്റവുമോടുവിലത്തെ സീറ്റില്‍
അയാളിരുന്നു

പുറത്തു കട്ട പിടിച്ച ഇരുട്ടില്‍
ഇടയ്ക്കിടെ എങ്ങു നിന്നോ വെളിച്ചം
അയാളുടെ കണ്ണുകളെ ഉണര്‍ത്തി കൊണ്ടിരുന്നു
ചെറിയ കുലുക്കങ്ങളും, കിതക്കലും
ട്രെയിന്‍ നീങ്ങുന്നെണ്ടെന്നൊരു തോന്നല്‍
അയാളില്‍ ജനിപ്പിച്ചു

എപ്പോഴോ, എവിടെയോ ട്രെയിന്‍ നിന്നു
അയാള്‍ പുറത്തേക്ക് നോക്കി
ട്രെയിനില്‍ കയറുമ്പോള്‍ പുറത്തു കണ്ട
ടാറിട്ട റോഡുകളും, കൂറ്റന്‍ കെട്ടിടങ്ങളും
ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു

വന്‍ മരങ്ങളും, പുഴകളും
കൂറ്റന്‍ മാമത്തുകളും
നഗ്നത മറക്കാത്ത
കുറെയധികം മനുഷ്യ കുരങ്ങുകളും
നില നില്‍പ്പിനു വേണ്ടി ഉള്ള സമരങ്ങള്‍

ചലിക്കുന്നെണ്ടെന്ന തോന്നലില്‍
ഇടയ്ക്കിടെ അയാളുടെ കണ്ണുകളില്‍
വെളിച്ചം വീശി കൊണ്ടേ ഇരുന്നു
ഇത്തിരി വെട്ടത്തില്‍
നൊടിയിടയില്‍ മാറി മറിയുന്ന
സമയ ദൂരാക്ഷങ്ങളില്‍ അയാളോരുപാട് കണ്ടു
ഇതിഹാസങ്ങള്‍, പുരാണങ്ങള്‍
സാമ്രാജ്യങ്ങള്‍, പരിണാമങ്ങള്‍
ദിനോസറുകള്‍, ഓന്തുകള്‍
അതി ജീവനത്തിനു വേണ്ടിയുള്ള
സമരങ്ങളില്‍ കുറെ മനുഷ്യ കുരങ്ങുകളും

വീണ്ടുമെപ്പോഴോ എവിടെയോ ട്രെയിന്‍ നിന്നു
അയാള്‍ ട്രെയിനില്‍ നിന്നുമിറങ്ങി
പുറത്തു തവളകളുടെ പരിഭവങ്ങളും
ചീവീടുകളുടെ കരച്ചിലും മാത്രം
രാത്രിയായിരിക്കണം
അയാള്‍ മനസ്സില്‍ കരുതി

അയാള്‍ പുറം തിരിഞ്ഞു നോക്കി
വട്ടത്തിലോടുന്ന ഒരു നെടു നീളന്‍ ട്രെയിന്‍
യഥാര്‍ത്തത്തില്‍ ചലിക്കുന്നുണ്ടോ?
അതോ
പാളമാണോ നീങ്ങുന്നത്‌?
ട്രെയിന്‍ ആണോ നീങ്ങുന്നത്‌‌?
അതോ രണ്ടും ആപേക്ഷികമായ് നീങ്ങുമ്പോള്‍
കണ്ണുകളില്‍ വെളിച്ചം വീഴുമ്പോള്‍
എല്ലാമൊരു തോന്നല്‍ മാത്രമോ?

തോ………..

തമോഗര്‍ത്തങ്ങളെക്കാളാഴവും
പുലര്‍മഞ്ഞിനെക്കാള്‍ നൈര്‍മല്യവും
സൂര്യനെക്കാള്‍ തേജസുറ്റതുമായ
ചില വികാരങ്ങള്‍ ഉണ്ട്
എനിക്ക് നിന്നോടുള്ളീ പ്രണയം പോലെ

വാക്കുകളാലും മൌനങ്ങളാലും
പ്രതിഫലിപ്പിക്കുവാനാവാതെ
വ്രണിത ഹൃദയത്തിന്‍റെ
ചോരയാലും നീരിനാലും
ഞാന്‍ വരഞ്ഞോരീ അവ്യക്ത ചിത്രങ്ങള്‍
നീയിപ്പോള്‍ കാണുക

തണുത്തുറഞ്ഞൊരു കടലില്‍
സൂര്യനെ പോലാഴ്ന്നിറങ്ങി
വിറങ്ങലിച്ചുറഞ്ഞ ജല കണങ്ങളില്‍
നിന്റെ ചൂടും ചൂരും കുസൃതിയും പകര്‍ന്നു
..പിന്നെ നീയെന്തൊക്കെ ചെയ്തുവെന്ന്
നിനക്കെ അറിയൂ എന്‍റെ പെണ്ണേ

ഒരുനാളോടുവില്‍
നനുത്തു നേര്‍ത്തൊരു സന്ധ്യയില്‍
കടലില്‍ നിന്നും ഇഴപിരിയുമൊരു
സൂര്യനെ പോലെ നീ മറയുമ്പോള്‍
തണുത്തുറഞ്ഞൊരു കടലിന്‍റെ
എന്ത് വികാര വിക്ഷോഭങ്ങളാണ്
എന്‍റെയീ അപൂര്‍ണ ചിത്രങ്ങളില്‍
ഞാന്‍ പകര്‍ത്തുക?

നമുക്കിടയില്‍
നാമറിയാത്തൊരു ഗര്‍ത്തമുണ്ട്
ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളില്‍
നാമറിയാതെ നമുക്കിടയില്‍
നാമാരാലും വന്നു പോകുന്നൊരു
പ്രണയത്തിന്‍റെ നിശ്ചലാവസ്ഥ

ഒരേയുരുടല്‍ പോല്‍
നാം നമ്മില്‍ ഒട്ടി ചേര്‍ന്നപ്പോള്‍
അത്ര മേല്‍ നാം തമ്മില്‍
ഇഴ ചേര്‍ന്നതിനാല്‍
വ്യര്‍ഥമായ വാക്കുകളാല്‍
ഒരു കവിത പോലും
എന്തിനേറെ ഒരു നുള്ള് വാക്ക് പോലും
ഞാന്‍ നിനക്കായ് എഴുതിയിട്ടില്ല

എങ്കിലും, ഞാന്‍ നിന്നോട്
പറയാന്‍ മറന്നു പോയൊരു
കൊച്ചനധികം കാര്യങ്ങളുണ്ട്
ഇരുളും വെളിച്ചവും
ഒന്നു തന്നെയാണ് കുട്ടീ……
ചൂടും തണുപ്പും പോലെ
പ്രണയം പോലെ ……
ഉള്ളതും ഇല്ലായ്മയും പോലെ

ഒരേയൊരു ഭാവങ്ങള്‍….
അടയുകയും തുറക്കുകയും
ചെയ്യുന്ന സമാന സാധ്യതകളുടെ
ഒരേയൊരു വാതില്‍ പോലെ
നാം തമ്മിലുള്ള പ്രണയത്തിന്‍റെ
സ്ഥായിയായൊരു ഭാവം പോലെ

അപൂര്‍ണമമായീ വാക്കുകളാല്‍…
വ്രണിത ഹൃദയത്തിന്‍റെ
ചോരയാലും നീരിനാലും
രക്ത ചുവപ്പിനാലും
ഇളം മഞ്ഞ നിറത്താലും
ഞാന്‍ വരയുമോരീ
അപൂര്‍ണ ചിത്രങ്ങളാല്‍
ഞാന്‍ നിന്നില്‍ ഉയിരോടുറയുന്നൂ

എഴുത്തിലെ കടങ്കഥകള്‍

ജീവിക്കുവാന്‍ വേണ്ടി എഴുതുന്നവനോ
എഴുതുവാന്‍ വേണ്ടി ജീവിക്കുന്നവനോ അല്ല
ജീവിക്കുന്നത് കൊണ്ട് എഴുതാതെ വയ്യ
എഴുതുന്നത്‌ കൊണ്ട് ജീവിക്കുന്നുവെന്നൊരു തോന്നല്‍